ദാരിദ്ര്യത്തോടു പൊരുതി ശ്രീലക്ഷ്മി നേടിയത് ബോക്‌സിങില്‍ സ്വര്‍ണ നേട്ടം. തഴവ ഗേള്‍സ് ഹൈസ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി തഴവ ഭാര്‍ഗവി ഭവനത്തില്‍ കോമളന്‍-രാധ ദമ്പതികളുടെ മകള്‍ ശ്രീലക്ഷ്മിയാണു അഭിമാന നേട്ടം കൈവരിച്ചത്.
തിരുവനന്തപുരം ലക്ഷ്മിഭായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ സെന്ററില്‍ നടന്ന സബ്ജൂനിയര്‍ വിഭാഗം ബോക്‌സിങിലാണ് ശ്രീലക്ഷ്മി സ്വര്‍ണമെഡല്‍ നേടിയത്.
ചുമട്ടുതൊഴിലാളിയായ അച്ഛന്റെ ഏക വരുമാനത്തിലാണ് ശ്രീലക്ഷ്മിയുടെ പഠനവും വീട്ടുകാര്യങ്ങളും നടക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പലപ്പോഴും നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടായിട്ടുണ്ട്. തഴവ ഗേള്‍സ് ഹൈസ്‌കൂളിലെ ഫിസിക്കല്‍ വിഭാഗം അധ്യാപകന്‍ കെ. ബാബുവാണ് ശ്രീലക്ഷ്മിയുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചത്. പരിശീലനത്തിന് ആവശ്യമായ സ്ഥലമോ സൗകര്യമോ ലഭ്യമായിരുന്നില്ല.
സാമ്പത്തികബുദ്ധിമുട്ട് പലപ്പോഴും പരിശീലനത്തിന് മറ്റു സ്ഥലങ്ങളില്‍ പോകുന്നതിന് തടസമായിരുന്നു. അധ്യാപകന്‍ വാടകയ്ക്ക് എടുത്ത് നല്‍കുന്ന ഗ്ലൗസാണ് മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. മത്സരങ്ങളിലെ ശ്രീലക്ഷ്മിയുടെ മിന്നുന്ന പ്രകടനം മുതിര്‍ന്ന ബോക്‌സിങ് താരങ്ങള്‍ അഭിനന്ദിച്ചിട്ടുണ്ട്.
സായിയില്‍ അഡ്മിഷന്‍ ലഭിക്കുക എന്നതാണ് ശ്രീലക്ഷ്മിയുടെ സ്വപ്നം. ഭാവിയില്‍ അന്തര്‍ദേശീയ മത്സരരംഗത്ത് ഇന്ത്യയുടെ പ്രതീക്ഷയാണ് ശ്രീലക്ഷ്മി. എന്നാല്‍ തന്റെ ചുറ്റുപാടുകള്‍ മുന്നോട്ടുള്ള പ്രയാണത്തിന് തടസമാകരുതേ എന്ന പ്രാര്‍ത്ഥനയിലാണു ശ്രീലക്ഷ്മി.

No comments:
Post a Comment